06:01pm 23 October 2026
NEWS

രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; 408-ാം നമ്പർ മുറിയെടുത്തത് പരാതിക്കാരി, ഒപ്പമുണ്ടായിരുന്നത് ‘രാഹുൽ ബി.ആർ’

14/01/2026  08:11 AM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; 408-ാം നമ്പർ മുറിയെടുത്തത് പരാതിക്കാരി, ഒപ്പമുണ്ടായിരുന്നത് ‘രാഹുൽ ബി.ആർ’

പത്തനംതിട്ട: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസ് ആദ്യ തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചാണ് ഇന്നു പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408-ാം നമ്പർ മുറിയിൽ ഏകദേശം 15 മിനിറ്റ് നീണ്ട പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം രാഹുലിനെ വീണ്ടും എആർ ക്യാംപിലേക്ക് തിരികെ കൊണ്ടുപോയി.  പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 

തെളിവെടുപ്പിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽ പ്രതികരിച്ചില്ല. ഹോട്ടലിലേക്കെത്തുമ്പോൾ ശാന്തമായ മുഖഭാവം പുലർത്തിയിരുന്നെങ്കിലും മടങ്ങുമ്പോൾ മുഖത്ത് സമ്മർദ്ദം പ്രകടമായിരുന്നു. ഹോട്ടൽ റജിസ്റ്റർ പരിശോധിച്ച അന്വേഷണസംഘം, സംഭവദിവസം മുറി അതിജീവിതയുടെ പേരിലാണ് ബുക്ക് ചെയ്തിരുന്നതെന്നും ഒപ്പമുണ്ടായിരുന്നയാളായി ‘രാഹുൽ ബി.ആർ’ എന്ന പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ല. 21 മാസം കഴിഞ്ഞതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നില്ലെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. എന്നാൽ, ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന സാധ്യത കണക്കിലെടുത്ത് ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിൽ ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞതായും, 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45ഓടെ ഇവിടെ എത്തിയതും യുവതിയുമായി ഏകദേശം ഒരു മണിക്കൂർ ചെലവഴിച്ചതും അദ്ദേഹം സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കി. എന്നാൽ പീഡനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു രാഹുൽ പ്രതികരിച്ചില്ല.

ഇന്ന് പുലർച്ചെ 5.40ഓടെയാണ് പൊലീസ് സംഘം രാഹുലുമായി പത്തനംതിട്ട എആർ ക്യാംപിൽ നിന്ന് തിരുവല്ലയിലേക്ക് പുറപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നതെന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹോട്ടലിന് മുന്നിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാഹുലിനെ എത്തിക്കുമെന്ന് അറിഞ്ഞ് സ്ഥലത്ത് ആളുകൾ എത്തിയിരുന്നു.

തെളിവെടുപ്പ് തുടർന്നുള്ള ഘട്ടത്തിൽ രാഹുലിനെ പാലക്കാട് കൊണ്ടുപോകണോ എന്നതിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ഇതിനിടെ, ചൊവ്വാഴ്ച നടന്ന ചോദ്യം ചെയ്യലിൽ രാഹുൽ അന്വേഷണത്തോട് വേണ്ടത്ര സഹകരിച്ചില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രാഹുലിന്റെ ജാമ്യഹർജി വെള്ളിയാഴ്ച പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, കസ്റ്റഡി അപേക്ഷയ്‌ക്ക് മുമ്പ് ജാമ്യഹർജി പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയാണ് എടുത്തതെന്നും, മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്ന നിയമവ്യവസ്ഥ പാലിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img